ആ യാത്രയിലെ ഉൾകാഴ്ചകൾ

ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ യാത്രയിൽ വെച്ചാണ് ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് രണ്ട് അമ്മമാർ ഞാൻ ഇരുന്ന സീറ്റിന്റെ തൊട്ടടുത്തെ സീറ്റിലേക്ക് സ്ഥാനമുറപ്പിച്ചത്. ആദ്യം വന്നപാടെ വിശാലമായി സാധന സാമഗ്രികൾ വിരിച്ചു തങ്ങളുടെ ഇരിപ്പിടം സ്വസ്തമാക്കുകയും, കൂടെ കൊണ്ടുവന്ന മറ്റു ബാഗുകൾ എന്റെ സീറ്റിന്റെ പകുതി കവർന്നെടുത് വെക്കുകയും ചെയ്തപ്പോൾ ആദ്യപാടെ എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെടുകയുണ്ടായി. വേഷവിധാനത്തിൽ നിന്നും സംസാരത്തിൽ നിന്നും അന്യസംസ്ഥാന ശബരിമല തീർത്താടകർ ആണെന്ന് മനസിലാക്കുകയുണ്ടായി. ബാംഗ്ലൂർ ആണ് കഴിഞ്ഞ ഒരു കൊല്ലമായി താമസം എന്നത് കൊണ്ട് അവർ സംസാരിക്കുന്നത് കന്നഡ ആണെന്ന് ഉറപ്പിക്കാനുമായി. ഞങ്ങളുടെ സീറ്റിന് എതിർവശത്തായി മറ്റൊരു ഫാമിലി കൂടി ഉണ്ടായിരുന്നു. രണ്ട് യുവ ദമ്പതികളും അവരുടെ വളരെ ചെറിയ രണ്ട് മക്കളും. ഇളയ ആൺകുട്ടി സ്വല്പം വികൃതി ആയതിനാൽ ഇടക്ക് അമ്മമാരുടെ സീറ്റിൽ വന്നു അവരെ തോണ്ടുന്നത് കാണാനിടയായി. ആദ്യത്തെ അനുഭവത്തിന്റെ പുറത്ത് ഞാൻ അവർ ദേഷ്യപ്പെടുമെന്ന മുൻധാരണയിൽ അടുത്തത് എന്ത് സംഭവിക്കുമെന്ന ആകാംശയിൽ ഇരുന്നു. എന്നിലെ കലാപകാരിയെ നിരാശപ്പെടുത്തികൊണ്ട് അവർ ആ കുഞ്ഞിനെ പിടിച്ചു മടിയിൽ ഇരുത്തി കുശലം ചോദിപ്പ് തുടങ്ങുകയുണ്ടായി. നിരാശയുടെ കുളിർമയിൽ അല്പം മയങ്ങിയ ഞാൻ പിന്നീട് കണ്ണുകൾ തുറക്കുമ്പോൾ കാണുന്നത് അമ്മമാരും അടുത്തിരുന്ന ഫാമിലിയും തമ്മിലുള്ള ആഴമേറിയ സംസാരമാണ്. ദമ്പതികൾക്ക് മലയാളം അല്ലാതെ മറ്റൊരു ഭാഷ അറിയാത്തത് കൊണ്ടും അമ്മമാർ കന്നഡ വിട്ട് ഒരു കളിയും ഇല്ല എന്ന നിലപാടിൽ ആയത്കൊണ്ടും എപ്പോഴും ദക്ഷിണെന്ത്യകാർക്ക് മധ്യസ്ഥ ഭാഷയായി വരുന്ന തമിഴിൽ ആണ് പിന്നീടാങ്ങോട്ട് സംഭാഷണം. ഇരുവരുടെയും പ്രണയത്തെ പറ്റിയായി അമ്മമാരിൽ ഒരാളുടെ ചോദ്യം. കഷ്ടകാലത്തിന് പ്രേമിച്ചു കെട്ടിയ കാര്യം പറഞ്ഞും പോയല്ലോ എന്ന മട്ടിൽ ഒരു നിസ്സഹായാവസ്ഥയിൽ ആ ദമ്പതികൾ എന്നെ ഒന്ന് നോക്കി. അവരെ കുറ്റം പറയാൻ പറ്റില്ലലോ കാരണം അത്രമാത്രം ഉച്ചത്തിലാണ് ആ അമ്മമാർ ചോദ്യം ചോദിക്കുന്നത്. ഒരു ചെറുപുഞ്ചിരിയോടെ ഞാൻ അവരുടെ മുറി തമിഴിലുള്ള സംഭാഷണം കേട്ടുകൊണ്ടേ ഇരുന്നു. അടുത്ത ചോദ്യം കുട്ടികൾ രണ്ടിലൊതുക്കുമോ എന്നായി. ജാള്യത കൊണ്ട് മുഖം താഴ്ത്തി എന്നെ നോക്കിയ ആ മനുഷ്യനോട് ഞാൻ എന്ത് വികാരമാണ് മുഖത്തു കാണിക്കേണ്ടത്. മൂന്ന് മതി എന്ന് ഒരമ്മയും രണ്ടിലൊതുക്കണമെന്ന് മറ്റൊരാമ്മയും നിലപാടെടുത്തതോടെ ഞാനിരുന്ന ട്രെയിൻ കൂപ്പ ഒരു യുദ്ധമുഖമായി മാറി. പ്രസവിക്കേണ്ട തനിക്കില്ലാത്ത ടെൻഷൻ എന്തിനാണ് ഇവർക്ക് എന്ന് ഓർത്താക്കണം ആ സ്ത്രീ അന്തം വിട്ടു അവർ തമ്മിലുള്ള തർക്കം നോക്കി ഇരുന്നത്. അവസാനം തൃശൂർ എത്തിയപ്പോൾ ജീവനും കൊണ്ട് ദമ്പതികൾ മക്കളെയും വാരി പുണർന്നു എല്ലാർക്കും അഭിവാദ്യങ്ങൾ നൽകി ഇറങ്ങി ഓടി. ഇത് കണ്ട് ചിരി നിർത്താനാകാതെ അടക്കി പിടിച്ചിരുന്ന ഞാൻ അറിഞ്ഞിരുന്നില്ല അടുത്ത ഇര ഞാൻ ആണെന്ന്. എന്ത്കൊണ്ടെന്നറിയില്ല ഞാൻ ഒരു വിദ്യാർത്ഥി ആണെന്ന് പറഞ്ഞത് കൊണ്ട് ആകണം എന്നോട് പ്രണയത്തെയും കുട്ടികളുടെ എണ്ണത്തെ പറ്റിയും ചോദ്യങ്ങൾ ഉണ്ടായില്ല. പക്ഷെ അപകട സാധ്യത അവിടം കൊണ്ട് തീർന്നില്ല ആഹാരം ഞാൻ ബാംഗ്ലൂർ ചെന്നെ കഴിക്കുന്നുള്ളു എന്ന് അബദ്ധവശാൽ പറഞ്ഞത് മാത്രം ഞാൻ വ്യക്തമായി ഓർക്കുന്നു. പിന്നീടങ്ങോട്ട് ഒരു കന്നഡ തീന്മേഷ എന്റെ മുന്നിലങ് നിരന്നു. ശുദ്ധ നോൺ വെജിറ്റേറിയൻ ആയ എനിക്ക് തൈരും സാമ്പാറും ചപ്പാത്തിയും വിളമ്പിയപ്പോ അത് കഴിക്കുക അല്ലാതെ വേറെ മാർഗം ഇല്ലായിരുന്നു. കടിച്ചുപറിക്കാൻ എന്തേലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചെങ്കിലും അമ്മമാരോട് അത് പറഞ്ഞാൽ കന്നടയിലെ വെറൈറ്റി തെറികൾ കേൾക്കേണ്ടി വന്നാലോ എന്ന ഭയത്താൽ ഞാൻ ചോദിച്ചില്ല. 8 ചപ്പാത്തി ജീവഭയത്താൽ കുത്തി കേറ്റിയ ഞാൻ ഒന്ന് ശ്വാസം വിടും മുൻപ് ദാ നീട്ടുന്നു ചോറും രസവും. വെള്ള ചോർ ഞാൻ കഴിക്കില്ല എന്ന് എനിക്കറിയാവുന്ന തമിഴിൽ ഞാൻ പറഞ്ഞു നോക്കി. എന്നിട്ടും വഴി ഇല്ല എന്നറിഞ്ഞ ഞാൻ അതും അകത്താക്കാൻ നിർബന്ധിതനായി. സ്നേഹം പീഡനം ആകുന്നത് ഇത്തരം സന്ദർഭങ്ങളിൽ ആണെന്ന സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു. അടുത്ത ആഹാര സാധനം വരുന്ന മുൻപേ ഞാൻ വാഷ് ബേസിനിലേക്ക് ഒറ്റ ഓട്ടമാരുന്നു ഇനി കാലിയായ പാത്രം കണ്ടാൽ അടുത്ത ഐറ്റം വന്നാലോ എന്ന ഭയമാണ് എന്നെ അതിന് നിർബന്ധിതനാക്കിയത്. വായും മുഖവും കഴുകി ഞാൻ നേരെ ചെന്ന് അപ്പർ ബർത്തിൽ നില ഉറപ്പിച്ചു താഴോട്ട് നോക്കാൻ പോലും പേടിയാരുന്നു. എങ്കിലും കളങ്കമില്ലാത്ത സ്നേഹത്തിന് മറുപടിയായി ഒരു പുഞ്ചിരി അമ്മമാർക്ക് നേരെ നീട്ടി നന്ദി പറഞ്ഞതിന് ശേഷം ഞാൻ പതിയെ ഉറക്കത്തിലേക്ക് നീങ്ങി. പിറ്റേന്ന് രാവിലെ ബാംഗ്ലൂർ സ്റ്റേഷനിലെ അനൗൺസ്‌മെന്റ് കേട്ട് ഉണർന്നപ്പോൾ ആദ്യം ഞാൻ കണ്ണോടിച്ചത് താഴെ ഉള്ള ബർത്തിലേക്കാണ് അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. മുൻപ് ഉള്ള ഏതോ സ്റ്റേഷനിൽ ആ അമ്മമാർ ഇറങ്ങിയിട്ടുണ്ടാകണം. ഞാനും എന്റെ ബാഗുകൾ എടുത്ത് സ്റ്റേഷന് പുറത്തേക്ക് നടന്നു. ജീവിതത്തിൽ ആകസ്മികമായി നമ്മൾ കണ്ട് മുട്ടുന്ന ചില നിഷ്കളങ്ക മുഖങ്ങൾ സ്നേഹത്തിന്റെയും പരിഗണനയുടെയും എത്ര വലിയ മാതൃകയാണ് നമ്മക്ക് മുൻപിൽ കാഴ്ച വെക്കുന്നത്.